കായംകുളം: വള്ളികുന്നം കാമ്പിശേരി ജങ്ഷനിലെ ഇഷ്ടിക കളത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി സമയ് ഹസ്ത (22) കൊല്ലപ്പെട്ട സംഭവത്തിൽ സനാധൻ ടുട്ടുവാണ് (24) അറസ്റ്റിലായത്. വള്ളികുന്നം താളിരാടി തെക്കേതലക്കൽ ആലുവിളയിൽ മോഹനന്റെ ഉടമസ്ഥതയിലുള്ള എം.എസ് ഇഷ്ടിക ഫാക്ടറിയോട് ചേർന്ന തൊഴിലാളി ഷെഡിലായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സമയ് ഹസ്ത കൊല്ലപ്പെട്ടതെന്ന് പ്രതിയായ സനാധൻ പൊലിസിന് മൊഴി നൽകി. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരു വർഷമായി കോട്ടയം ചിങ്ങവനത്ത് ഒന്നിച്ച് താമസിച്ച് ജോലി ചെയ്യുകയായിരുന്നു. ഇവിടെ ജോലി കുറഞ്ഞതോടെ ശാസ്താംകോട്ട ഭരണിക്കാവിൽ ജോലി ചെയ്തിരുന്ന സുഹൃത്ത് പ്രേം റോയി മുഖാന്തിരം അഞ്ചു ദിവസം മുമ്പാണ് വള്ളികുന്നത്ത് എത്തുന്നത്.
നാല് മാസം മുമ്പ് സനാധൻ ടുട്ടുവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കൊല്ലപ്പെട്ട സമയയുടെ ഫോൺ പ്രതി സനാധനും ഉപയോഗിച്ചിരുന്നു. ഫോണിലെ സമൂഹ മാധ്യമ അകൗണ്ടിലൂടെ നാലോളം പെൺ സുഹൃത്തുക്കളുമായി പ്രതി സൗഹൃദ ചാറ്റുകൾ നടത്തിയിരുന്നു. ഇവരുമായി പ്രതിയുടെ സമ്മതം ഇല്ലാതെ സമയ് ചാറ്റ് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പകൽ ഇരുവരും വിവിധ സ്ഥലങ്ങളിൽ നിന്നായും ഇഷ്ടിക കമ്പനിയിലെത്തിയും മദ്യപിച്ചിരുന്നു. തുടർന്ന് രാത്രി 10.30 ഓടെ കസേരയിൽ ഇരുന്നു ഫോൺ ചാറ്റിങ് നടത്തിയ സമയിനെ പിന്നിൽ നിന്ന് ഏറെ നേരം നിരീക്ഷിച്ച ശേഷം കൈയിൽ കരുതിയ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുക്കുകയായിരുന്നു. അനങ്ങാൻ അനുവദിക്കാകെ 10 മിനിറ്റോളം കഴുത്തിൽ കുരുക്ക് മുറുക്കിയതായി ഇയാൾ പൊലിസിനോട് സമ്മതിച്ചു. മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം കസേരയിൽ നിന്ന് നിലത്തേക്ക് തള്ളിയിട്ട ശേഷം പ്രതി ഷെഡിനകത്തേക്ക് പോയി ഉറങ്ങി. വീഴ്ചയിൽ സമയുടെ തലക്ക് ക്ഷതമേറ്റിരുന്നു.
തിങ്കളാഴ്ച രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് ഉടമയെയും പൊലിസിനെയും വിവരം അറിയിച്ചത്. വിദഗ്ധ പരിശോധനയിൽ കൊലപാതകമാണെന്ന് മനസ്സിലായതോടെ സനാധനെ തന്ത്രപരമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തൊണ്ടി മുതൽ അടക്കമുള്ള തെളിവുകളും കണ്ടെത്തി. ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാർ, വള്ളികുന്നം എസ്.എച്ച്.ഒ ടി. ബിനുകുമാർ, എസ് ഐ കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മേൽ നടപടികൾ സ്വീകരിച്ചത്.