വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ, ദുരന്തഭൂമിയിൽ 5-ാം നാൾ തെരച്ചിൽ തുടരുന്നു

news image
Aug 3, 2024, 4:15 am GMT+0000 payyolionline.in

വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

ഇന്നലെ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചില്‍ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ദൗത്യസംഘംദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂര്‍ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർക്ക് ദൗത്യം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത. കള്ളകടൽ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe