അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ; അതിവേ​ഗം തിരിച്ചുകയറി

news image
Jul 27, 2024, 10:22 am GMT+0000 payyolionline.in

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോൾ നദിയിൽ നിന്ന് സി​ഗ്നൽ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. നദിയിലുള്ള മൺകൂനയിലെത്തി കുന്ദാപുരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. പല തവണ മുങ്ങിയെങ്കിലും ഈശ്വർ മൽപെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം. ദൗത്യവുമായി മുന്നോട്ടുപോവുന്നതുമായി ബന്ധപ്പെട്ട് ഈശ്വർ മൽപെ ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുകയാണ്.

അതിനിടെ, ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയപറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.

 

തെരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറഞ്ഞു. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു. ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതൽ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe