കൊച്ചി: കൊച്ചിയിൽ വനിതാ കൗൺസിലർ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചതായി പരാതി. കൊച്ചി നഗരസഭയിലെ വനിതാ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗൺസിലർ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു എന്നാണ് പരാതി.
വൈറ്റില ജംഗ്ഷനിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിലെ ജീവനക്കാരിയെ അവിടുത്തെ യുഡിഎഫ് വനിതാ കൗൺസിലറായ സുനിത ഡിക്സൺ മർദിച്ചു എന്നാണ് പരാതി. ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നത്, നേരത്തെ പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ട്. സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഹോട്ടൽ അവിടെയൊരു കയ്യേറ്റം നടത്തി എന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി ഇന്ന് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ, നോട്ടീസ് പോലും നൽകാതെ വനിത കൗൺസിലർ എത്തി. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കയ്യേറ്റം നടന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇവർ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ താൻ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നെന്നും ആരോപണ വിധേയയായ കൗൺസിലർ സുനിത പറയുന്നു. ഹോട്ടൽ തോട് കൈയേറി വച്ചത് ചോദ്യം ചെയ്യുകയായിരുന്നു താൻ ചെയ്തത് എന്നും ഹോട്ടൽ ജീവനക്കാർ തന്നെ മർദിക്കുകയായിരുന്നു എന്നുമാണ് കൗൺസിലർ സുനിതയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.