കനത്ത മഴ: മലപ്പുറം ജില്ലയിൽ 35 വീടുകൾ ഭാഗികമായി തകർന്നു

news image
Jul 16, 2024, 5:15 pm GMT+0000 payyolionline.in

മലപ്പുറം: ശക്തമായ മഴയിൽ രണ്ടു ദിവസത്തിനിടെ മലപ്പുറം ജില്ലയിലെ 35 വീടുകൾ ഭാഗിമായി തകർന്നു. പൊന്നാനി 6, തിരൂർ – 14, തിരൂരങ്ങാടി- 1, കൊണ്ടോട്ടി – 7, ഏറനാട് – 3, പെരിന്തൽമണ്ണ – 1, നിലമ്പൂർ – 3 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗിക ഭവന നാശം. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30,73,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 88.2 എം.എം. ആണ്.

മലപ്പുറത്ത് ഓടുന്ന ബസിന് മുകളിൽ മരം വീണും ഇന്ന് അപകടമുണ്ടായിരുന്നു. കോഴിക്കോട് – എടവണ്ണപ്പാറ റൂട്ടിൽ ഓടുന്ന ബസിന് മുകളിലാണ് വലിയ മരം വീണ് അപകടമുണ്ടായത്. സംഭവത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. മുബാറക്ക് ബസ് കണ്ടക്ടർ ജിഷ്ണുവിനാണ് പരിക്കേറ്റത്. വർഷങ്ങളായി നാട്ടുകാർ മുറിക്കണമെന്ന് ആവശ്യപ്പെടുന്ന മരമാണ് ഇന്ന് കാലത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ കുറുകെ വീണത്. വലിയ മരം ആയതിനാൽ മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് മരം മുഴുവനായി മുറിച്ചു നീക്കിയത്. പിന്നാലെ റോഡ് ശുചീകരിച്ചു. പ്രദേശത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിന്റെയും ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്.

അതേസമയം മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.  ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe