തിരുവനന്തപുരം: കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസിൽ കടത്തിയ സ്വര്‍ണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസിൽ കടത്തിയ സ്വർണമാണ് പിടികൂടിയത്. അമരവിള ചെക്ക് പോസ്റ്റിൽ ആയിരുന്നു പരിശോധന. 273 പവൻ 43 മില്ലിഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. തൃശുർ സ്വദേശികളായ ജിജോ (38), ശരത് (36) എന്നിവരാണ് ബാഗിനുള്ളിൽ സ്വർണം കടത്തി കൊണ്ട് വന്നത്.
ഇതിനിടെ മലപ്പുറം മഞ്ചേരി നറുകരയില്‍ രണ്ട് കിലോയിലധികം കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഏറനാട് നറുകര സ്വദേശി നിഷാല്‍ പള്ളിയാളി എന്നയാളാണ് കഞ്ചാവുമായി അറസ്റ്റിലായത്. മഞ്ചേരി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും പരിസര പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായ നിഷാല്‍. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അശോക് കുമാറും സംഘവും ചേർന്നാണ് കേസ് എടുത്തത്.
മഞ്ചേരി എക്സൈസിലും പൊലീസിലും നിരവധി നാര്‍ക്കോട്ടിക് കേസിലുള്‍പ്പെട്ടിട്ടുള്ള പ്രതി സ്വര്‍ണ്ണകവര്‍ച്ച കേസിൽ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. പ്രിവന്റീവ് ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനില്‍കുമാര്‍ എം, ഷബീര്‍ മൈത്ര, അക്ഷയ് സി.ടി,വിനീത് കെ,സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.