മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ

news image
Jul 12, 2024, 3:07 pm GMT+0000 payyolionline.in

ദില്ലി: കഴിഞ്ഞ വർഷം സിയാച്ചിനിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാന്‍ സിംഗിന്‍റെ മാതാപിതാക്കൾ മരുമകൾ സ്മൃതിക്കെതിരെ വിമർശനവുമായി രംഗത്ത്. മകന് മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര പുരസ്‌കാരമടക്കം മരുമകൾ സ്മൃതി കൊണ്ടുപോയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഫോട്ടോ ആൽബം, വസ്ത്രങ്ങൾ തുടങ്ങി മകന്‍റെ ഓർമ്മയുള്ള എല്ലാ വസ്തുക്കലും സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് അൻഷുമാന്‍റെ പിതാവ് രവി പ്രതാപ് സിംഗും മാതാവ് മഞ്ജു സിംഗും പറയുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ സിയാച്ചിനിലുണ്ടായ വൻ തീപിടിത്തത്തിനിടെ ആളുകളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ആർമി മെഡിക്കൽ കോർപ്സിലെ ക്യാപ്റ്റനായിരുന്ന അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ അൻഷുമാന് കീർത്തിചക്ര പ്രഖ്യാപിക്കുകയായിരുന്നു. ഭാര്യ സ്മൃതിയും അമ്മ മഞ്ജു സിംഗും ചേർന്ന് ജൂലൈ 5 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് കീർത്തിചക്ര ഏറ്റുവാങ്ങിയത്.

പിന്നീട് ലഖ്നൗവിൽ നിന്ന് ഗുരുദാസ്പൂരിലേക്ക് മാറിയ സ്മൃതി, മകന്‍റെ പുരസ്കാരങ്ങളടക്കമുള്ള എല്ലാ വസ്തുക്കളും കൊണ്ടുപോയെന്നാണ്  അൻഷുമാന്‍റെ പിതാവ് രവി പ്രതാപ് സിംഗ് ആരോപിച്ചത്. മകന് ലഭിച്ച കീർത്തിചക്രയിൽ തൊടാൻ പോലും പറ്റിയില്ലെന്നും അദ്ദേഹം വിവരിച്ചു. കീർത്തി ചക്ര പോലെ സൈനികൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളുടെ പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്ക് കൂടി നൽകുന്ന നിലയിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മക്കളുടെ ഓർമ്മകൾ മാതാപിതാക്കൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 ഫെബ്രുവരിയിലായിരുന്നു അൻഷുമാനും സ്മൃതിയും വിവാഹിതരായത്. എട്ട് വർഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. മാസങ്ങൾക്കിപ്പുറം ജൂലൈയിൽ അൻഷുമാൻ വീരമ്യുതി വരിച്ചതോടെ സ്മൃതി വിധവയായി. നോയിഡയിൽ താമസിച്ചിരുന്ന സ്മ‍തി, അൻഷുമാന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ ഗുർദാസ്‌പൂറിലേക്ക് മടങ്ങി. ഈ സമയത്താണ് മകന്‍റെ കീർത്തിചക്രയടക്കമുള്ള എല്ലാ ഓർമ്മകളും കൊണ്ടുപോയതെന്നാണ് രവി പ്രതാപ് സിംഗ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe