നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനമെന്ന് പരാതി; പൊലീസിന് ഗുരുതര വീഴ്ച, ഭർത്താവ് ഒളിവില്‍; സംഭവം മലപ്പുറത്ത്

news image
Jul 11, 2024, 11:16 am GMT+0000 payyolionline.in
മലപ്പുറം: മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മർദ്ദനത്തില്‍ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച. പരാതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തത്. മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഭര്‍ത്താവ് മുഹമ്മദ് ഫായിസിന്‍റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചയ്ക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി. എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും അച്ചൻ സൈതലവിയും ഒളിവില്‍ പോയി. ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്.

മര്‍ദ്ദനത്തിന് പുറമേ വനിതാ കമ്മീഷൻ അദാലത്തിൽ പറഞ്ഞ പ്രകൃതി വിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയുണ്ട്. പൊലീസില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മുഹമ്മദ് ഫായിസോ മാതാപിതാക്കളോ പെൺകുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ഇവരുടെ ബന്ധുക്കളുടെ വശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe