മലപ്പുറം: മോറിസ് കോയിന്റെ പേരിൽ 1200 കോടി രൂപയുടെ തട്ടിപ്പുനടത്തിയ മൂന്ന് പേരെ മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റുചെയ്തു. പുക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടിൽ സക്കീർ ഹുസൈൻ (40), തിരൂർ കൂട്ടായി പിടഞ്ഞാറെക്കര അരയച്ചന്റെപുരക്കൽ ദിറാർ (51), പെരിന്തൽമണ്ണ ആലിപറമ്പ് കളരിക്കൽ വീട്ടിൽ ശ്രീകുമാർ (54) എന്നിവരാണ് പിടിയിലായത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.
കേസിലെ മുഖ്യപ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കിൽ വീട്ടിൽ നിഷാദ് (39) വിദേശത്താണ്. ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റർപോൾ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
കേസിൽ ഫോർട്ടുകൊച്ചി ചിരട്ടപ്പാലം സരോജിനി റോഡിൽ ജൂനിയർ കെ ജോഷി (40) എന്നയാളെ മലപ്പുറം ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളെ ചേർത്ത് പണംതട്ടിയെന്നാണ് കേസ്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ചുള്ള തട്ടിപ്പിൽ വടക്കൻ കേരളത്തിലെ നിരവധിയാളുകൾക്ക് പണം നഷ്ടപ്പെട്ടു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും വാഹനങ്ങളടക്കം സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.