മലപ്പുറം: തിരൂരങ്ങാടിയില്‍ വ്യാജ ആര്‍സികള്‍ നിര്‍മ്മിച്ച കേസില്‍ വാഹനങ്ങളുടെ പുതിയ ആര് സി ഉടമകളുടെ പേരില്‍ പൊലീസ് കേസെടുത്തു. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളറിയാതെ ആര് സി ബുക്കിലെ പേര് മാറ്റിയെന്ന പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. വ്യാജ ആർ സി നിർമ്മിച്ച, ലോറികളും കാറുകളും ബൈക്കുകളമടക്കം ഏഴു വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ആൾമാറാട്ടം, സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരൂരങ്ങാടി ജോയിന്റ് ആർ ടി ഓയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.

വാഹന നമ്പർ സഹിതം എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഈ തട്ടിപ്പുകൾക്കെല്ലാം ഒത്താശ ചെയ്തു കൊടുത്ത തിരൂരങ്ങാടി ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ല. തട്ടിപ്പിൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് ജോയിന്റ് ആർ ടി ഓ പൊലീസിന് നൽകിയ മൊഴി.
പൊലീസ് അന്വേഷണത്തോടൊപ്പം ഗതാഗത വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ ആർസിയിൽ നിന്നും ഉടമസ്ഥരുടെ പേരുമാറ്റാൻ കഴിയില്ലെന്നതിനാൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടികൾ ഉടൻ തന്നെ ഉണ്ടാകും. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.