കോഴിക്കോട് സീബ്രാ ലൈനിലെ മരണപ്പാച്ചിൽ; വിദ്യാർത്ഥിനിയെ ഇടിച്ച ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

news image
Jun 10, 2024, 5:39 am GMT+0000 payyolionline.in
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. നല്ലളം പൊലീസാണ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.

ഇക്കഴിഞ്ഞ ഏഴിന് വൈകിട്ടാണ് സംഭവം നടന്നത്. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചത്.

 

വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫാത്തിമ. ഇരുവശത്തും നോക്കി സീബ്ര ലൈനിലൂടെ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ, കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങിനിൽക്കവേ, ഫാത്തിമ ബസിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റുവന്നു.

 

സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഫാത്തിമയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയുണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളില്ല. പക്ഷേ ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ഫാത്തിമ പറഞ്ഞു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചെന്നും ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാവാൻ പറഞ്ഞിട്ടുണ്ടെന്നും എം വി ഡി ഡി ശരത് പ്രതികരിച്ചു. ഡ്രൈവറുടെ ലൈസൻസും ബസിന്‍റെ പെർമിറ്റും സസ്പെൻഡ് ചെയ്യുന്നത് ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെയാണ് നല്ലളം പൊലീസ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe