വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയാണ് മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചു. ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻബത്തേരി പൊലീസെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ പ്രവേശനം നേടിയത്.
കേസുമായി മുന്നോട്ട് പോകുമെന്ന് ശബരീനാഥിന്റെ അമ്മ സ്മിത മാധ്യമങ്ങളോട് പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദം വന്നുവെന്നും സ്മിത ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അധ്യാപകർ എന്തോ ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശബരിനാഥനെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി.