തിരുവനന്തപുരം∙ നാലാമങ്കത്തിലും ശശി തരൂരിനെ കൈവിടാതെ തലസ്ഥാനം. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ഉദ്വേഗം നിലനിര്‍ത്തിയ വോട്ടെണ്ണലില്‍ അവസാന നിമിഷമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ മറികടന്ന് പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് തരൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. ശശി തരൂരിന് 353679 വോട്ടും രാജീവ് ചന്ദ്രശേഖറിന് 337920 വോട്ടും പന്ന്യന്‍ രവീന്ദ്രന് 244433 വോട്ടും ലഭിച്ചു. തരൂരിന്റെ ഭൂരിപക്ഷം 15759. 2014ൽ ശശി തരൂർ കോൺഗ്രസിനായി രണ്ടാം തവണ മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 15,470 വോട്ടായിരുന്നു. കഴിഞ്ഞ തവണ തരൂരിന് 4,16,131 വോട്ടും കുമ്മനം രാജശേഖരന് 3,16,142 വോട്ടും സി.ദിവാകരന് 2,58,556 വോട്ടുമാണ് ലഭിച്ചത്.
2014ലിന്റെ തനിയാവര്‍ത്തനമാണ് വോട്ടെണ്ണലില്‍ കണ്ടത്. തുടക്കത്തില്‍ ബിജെപിക്ക് ലീഡ്, വിജയിക്കുമെന്ന പ്രതീക്ഷ. ഒടുവില്‍ ബിജെപിയെ പിന്നിലാക്കി ഫോട്ടോഫിനിഷില്‍ തരൂരിന് വിജയക്കുതിപ്പ്. 2014ല്‍ ശശി തരൂരും ഒ.രാജഗോപാലും ഏറ്റുമുട്ടിയപ്പോള്‍ അവസാനനിമിഷമാണ് തരൂര്‍ ജയിച്ചുകയറിയത്. എന്നാല്‍ 2019ല്‍ 999,89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്.
ശശി തരൂരിന്റെ വ്യക്തിപ്രഭാവം മുന്‍നിര്‍ത്തിയാണ് ഇത്തവണയും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമുദായ സമവാക്യങ്ങള്‍ തരൂരിന് അനുകൂലമാണെന്ന പാര്‍ട്ടിയുടെ വിശ്വാസം തെറ്റിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നഗരമേഖലയില്‍നിന്നു പിടിച്ച വോട്ടുകളെ തരൂര്‍ മറികടന്നത് തീരദേശത്തെ ക്രൈസ്തവ, മുസ്ലിം വോട്ടുകളിലൂടെയായിരുന്നു. പാറശാല, നെയ്യാറ്റിന്‍കര മേഖലകളില്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളുമുണ്ട്. ഈ ഘടകങ്ങളെല്ലാം ഇപ്പോഴും തരൂരിന് ഒപ്പമുണ്ടെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്നു തരൂര്‍ തുറന്നടിച്ചിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഇത്തവണയും തരൂരിനെ തുണച്ചുവെന്നു വേണം കരുതാന്‍.
ശശി തരൂര്‍ 2009ല്‍ മത്സരിക്കാനെത്തിയശേഷം കോണ്‍ഗ്രസ് വോട്ടുകള്‍ 3 ലക്ഷമോ അതിലധികമോ ആയി നിലനിന്നിരുന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോള്‍ തരൂരിനു ലഭിച്ചത് 326725 വോട്ടുകള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണവും തരൂരിന്റെ വ്യക്തി പ്രഭാവവും വോട്ട് ഉയര്‍ത്തി. മുന്‍പ് മത്സരിച്ച വി.എസ്.ശിവകുമാറിനേക്കാള്‍ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകള്‍ തരൂരിന് അധികമായി ലഭിച്ചു. 2014ല്‍ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോള്‍ വോട്ട് 297806 ആയി. 2019ല്‍ ലഭിച്ച വോട്ട് 416131.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിന്‍കര, നേമം എന്നിവയാണു നിയോജകമണ്ഡലങ്ങള്‍. ഇത്തവണ ആകെ വോട്ടര്‍മാര്‍ 14,03,281. 7,27,469 സ്ത്രീകളും 6,75,771 പുരുഷന്മാരും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണമല്‍സരം ഉണ്ടായെങ്കിലും ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ. 1952 മുതല്‍ നടന്ന 18 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതിലും ജയിച്ചത് കോണ്‍ഗ്രസാണ്. രണ്ട് ഹാട്രിക് വിജയങ്ങളും അതിലുള്‍പ്പെടും. 1984, 89, 91 തിരഞ്ഞെടുപ്പുകളില്‍ എ.ചാള്‍സും 2009, 2014, 2019, 2024 വര്‍ഷങ്ങളില്‍ ശശി തരൂരും തിരഞ്ഞെടുക്കപ്പെട്ടു.