ലഖ്നൗ: ബിജിപെയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുന്നേറ്റം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ ഏറ്റവും ഒടുവിൽ ലഭിക്കുന്ന ട്രെന്‍ഡ് അനുസരിച്ച് ബിജെപി 34 സീറ്റില്‍ ലീഡ് ചെയ്യുമ്പോൾ സമാജ്‌വാദി പാര്‍ട്ടി 34 ഇടത്തും കോണ്‍ഗ്രസ് ഒമ്പത് ഇടത്തും ലീഡ് ചെയ്യുകയാണ്. രാഷ്ട്രീയ ലോക്‌ദള്‍ രണ്ടിടത്തും ആസാദ് സമാജ് പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുമ്പോള്‍ മായാവതിയുടെ ബി എസ് പിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ല.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് 5787 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുമ്പോള്‍ ബിജെപിയുടെ ലല്ലു സിംഗ് പിന്നിലാണെന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന്‍റെ അജയ് റായിക്കെതിരെ പതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍ പോയപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ലീഡ് തിരിച്ചുപിടിച്ചത് ആശ്വാസമായി. നിലവില്‍ 64707 വോട്ടുകള്‍ക്കാണ് നരേന്ദ്ര മോദി ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസിന്‍റെ പരമ്പരാഗത സീറ്റായിരുന്ന അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസിന്‍റെ കിഷോരി ലാല്‍ 39147 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതേസമയം ഉന്നാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്വാമി സച്ചിദാനന്ദ ഹരി സാക്ഷി സമാജ്‌വാദി പാര്‍ട്ടിയുടെ അന്നു ടാണ്ഡനെതിരെ 1352 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്.
2009ലും 2014ലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവി കിഷന്‍ തന്നെയാണ് മുന്നിലുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ സഖ്യം 64 സീറ്റുകള്‍ നേടിയിരുന്നു.അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാര്‍ട്ടി അഞ്ചിടത്തായിരുന്നു 2019ല്‍ ജയിച്ചത്.