കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

news image
May 22, 2024, 6:44 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.

ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് പ്രതികൾ. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവർന്ന സ്വർണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിട്ടു. രാത്രിയിൽ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി. ഇതിന് ശേഷമാണ് 2020-ൽ 14-കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe