റഹീമിന്‍റെ മോചനത്തിന് ഏതാനും കടമ്പകൾ കൂടി; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

news image
Apr 16, 2024, 8:19 am GMT+0000 payyolionline.in

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു.

ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയ ധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീം കോടതി ശരി വെക്കുകയും വേണം.

 

ഇതിനെല്ലാം ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യമന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe