മുംബൈ: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് ഇന്ത്യൻ റെയിൽവേ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് ലക്ഷങ്ങൾ നഷ്ടമായി. സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് തട്ടിപ്പുകാർ രണ്ട് മാസങ്ങളിലായി 40 ലക്ഷം രൂപയാണ് ഇയാളിൽനിന്ന് തട്ടിയത്.
ജനുവരി ഏഴിനാണ് സ്റ്റോക്ക് ട്രേഡിങ്ങുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ലിങ്ക് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. തുടർന്ന് ലിങ്കിലൂടെ ഒരു വാട്സാപ് ഗ്രൂപ്പിൽ പ്രവേശിച്ചു. ട്രേഡിങ്ങിലൂടെ നിക്ഷേപകർക്ക് ലാഭകരമായ വരുമാനം ലഭിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ഗ്രൂപ്പിൽ ട്രേഡ് ആപ്ലിക്കേഷനും കോഡും അയച്ചു. ലിങ്കുപയോഗിച്ച് തട്ടിപ്പുകാരുടെ നിർദേശ പ്രകാരം ഇദ്ദേഹം ആപ്പ് ഡൗൺലോഡ് ചെയ്തു. ജനുവരി 16 മുതൽ മാർച്ച് ഏഴ് വരെ 21 ഓൺലൈൻ ഇടപാടുകളിലായി 40.20 ലക്ഷം നിക്ഷേപിക്കുകയും ചെയ്തു. ആപ്പിൽ 1.18 കോടി രൂപ വരുമാനവും കാണിച്ചു.
പണം പിൻവലിക്കാൻ തീരുമാനിച്ചതോടെ തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. പണം പിൻവലിക്കാൻ കഴിയാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാനിയമം 420-ാം വകുപ്പും വിവരസാങ്കേതികവിദ്യാ നിയമം 66ഡി വകുപ്പും ചാർത്തിയാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പുകാരുടെ മൊബൈൽ നമ്പറുകളും മറ്റു അക്കൗണ്ട് വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
വ്യാജ ട്രേഡിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ അധികരിക്കുന്നതായി കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം മാത്രം മുംബൈയിൽ സൈബർ പൊലീസ് ഡസനോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 4.40 കോടി രൂപയാണ് സാധാരണക്കാർക്ക് ട്രേഡിങ് തട്ടിപ്പിലൂടെ കഴിഞ്ഞ മാസം നഷ്ടമായത്.