ഇസ്ലാമാബാദ്: പാക് താരങ്ങൾ നാടകങ്ങളിലോ സിനിമകളിലോ സീരിയലിലോ വിവാഹിതരായി അഭിനയിച്ചാൽ അതിനു നിയമസാധുതയുണ്ടെന്ന വിവാദ പ്രസ്താവനയുമായി മത പുരോഹിതൻ. മതപുരോഹിതന്റെ വിവാദ പരാമർശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണമാണുണ്ടായത്.
അതേസമയം, ഓൺ സ്ത്രീനിൽ ദമ്പതികളായി അഭിനയിക്കുന്ന തങ്ങളുടെ പ്രിയ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചാൽ നന്നായിരിക്കുമെന്ന് ചിലർ പ്രതികരിച്ചു. മതപുരോഹിതന്റെ പ്രസ്താവനയിൽ പാക് നടിയും മോഡലുമായ നാദിയ ഹുസൈൻ ആശങ്ക പ്രകടിപ്പിച്ചു. സിനിമകളിലെയും നാടകങ്ങളിലെയും നിക്കാഹ് സാങ്കൽപികം മാത്രമാണെന്നും യഥാർഥ ഇസ്ലാമിക് വിവാഹ ആചാരങ്ങളുമായി അതിന് സാമ്യമില്ലെന്നും നാദിയ ചൂണ്ടിക്കാട്ടി.
വ്യാജ പേരുകളും സാക്ഷികളും ഒപ്പുകളുമൊക്കെ ഉപയോഗിച്ചാണ് സിനിമകളിലും മറ്റും വിവാഹചടങ്ങിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാറുള്ളത്. അവിടെ ഒരിക്കലും ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങിന് പ്രാധാന്യം നൽകാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.