ലഖ്നോ: യു.പി റോഡ്വേയ്സ് ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരൻ്റെ ചെവിയും കൈവിരലും കടിച്ചെടുത്തു. സംഭവത്തിൽ സീതാപൂരിലെ സിധൗലി സ്വദേശി കുൽദീപ് കുമാർ എന്ന യാത്രക്കാരന്റെ ഇടതുകൈയുടെ ചെറുവിരലിന്റെ ഒരു ഭാഗവും ചെവിയുടെ ഭാഗവും സ്വർണ ചെയിനും 19,000 രൂപയും നഷ്ടപ്പെട്ടു. ബുധനാഴ്ചയായിരുന്നു സംഭവം.
കൈസർബാഗ് ബസ് സ്റ്റേഷനിൽ നിന്ന് സീതാപൂരിലെ ബിസ്വാനിലേക്ക് പോകുന്ന ബസ്സിൽ കയറി സീറ്റിൽ ഇരുന്നു. കണ്ടക്ടർ എത്തി മാറിയിരിക്കാൻ ആവശ്യപ്പെടുകയും കാരണം തിരക്കിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞു. ഇതിന് സമ്മതിക്കാത്തതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദിക്കുകയായിരുന്നു -കുൽദീപ് കുമാർ പറയുന്നു. അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കുൽദീപ് കൂട്ടിച്ചേർത്തു.
പരാതിയിൽ ഡ്രൈവർ ശരൺ മിശ്രയെയും കണ്ടക്ടർ മുഹമ്മദിനെയും അറസ്റ്റ് ചെയ്തു. കൈസർബാഗ് അസിസ്റ്റന്റ് റീജിയണൽ മാനേജർ അരവിന്ദ് കുമാർ 24 മണിക്കൂറിനകം ഓപറേറ്ററോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.