കലാമണ്ഡലം സത്യഭാമയുടെ വർണ്ണവെറി നിറഞ്ഞ നിന്ദാവചനങ്ങൾ പ്രതിഷേധാർഹം: മന്ത്രി ആർ ബിന്ദു

news image
Mar 21, 2024, 7:45 am GMT+0000 payyolionline.in

തിരുവനന്തപുരം> മോഹിനിയാട്ടകാലകാരൻ ആർഎൽവി രാമകൃഷ്ണനെതിരെ കാലമണ്ഡലം സത്യഭാമ  പറഞ്ഞ നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളിൽ ഒതുക്കപ്പെട്ടരുതെന്നും കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

മന്ത്രിയുടെ പോസ്റ്റ് ചുവടെ

സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ/വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം.

രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്.  ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം.

ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളിൽ ഒതുക്കപ്പെട്ടരുത്.കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്.

മോഹിനിയാട്ടത്തിൽ ആർ എൽ വി യിൽ നിന്ന് ആരംഭിച്ച ഉന്നതപഠനം കലാമണ്ഡലത്തിൽ നിന്ന് എം ഫിൽ, പി എഛ് ഡി ബിരുദങ്ങൾ നേടി, പെർഫോമിംഗ് ആർട്സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജൻ ആർ എൽ വി രാമകൃഷ്ണന് സ്നേഹാഭിവാദ്യങ്ങൾ. …

മോഹിനിയാട്ടത്തിന്റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തത് പുതുചരിത്രമാണ്. … മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുക. …
അഭിനന്ദനങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe