തലച്ചോറിൽ ഗുരുതര രക്തസ്രാവം; സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

news image
Mar 20, 2024, 3:54 pm GMT+0000 payyolionline.in

ന്യൂഡൽഹി: തലച്ചോറിലെ ഗുരുതര രക്തസ്രാവത്തെ തുടർന്ന് സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡൽഹി അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായി ഇഷ ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജീവൻ തന്നെ അപകടത്തിലാവുമായിരുന്ന ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹമെന്നും പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ നാലാഴ്ചയായി കടുത്ത തലവേദനയുണ്ടായിരുന്നു. എന്നാൽ അത് കാര്യമാക്കാതെ സ്ഥിരം പ്രവർത്തനങ്ങളിൽ മുഴുകി. ശിവരാത്രി ദിവസത്തിൽ രാത്രി മുഴുവൻ നീണ്ടുനിന്ന പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാർച്ച് 14ന് ദില്ലിയിലെത്തിയപ്പോഴാണ് തലവേദന കൂടുതൽ രൂക്ഷമായത്. തുടർന്ന് ദില്ലി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിനിത് സുരിയുടെ നിർദേശപ്രകാരം എംആർഐ സ്കാനിന് വിധേയനായപ്പോഴാണ് തലച്ചോറിൽ വലിയ രക്തസ്രാവമുണ്ടെന്ന് രണ്ടെത്തിയത്.

എന്നാൽ ചില ജോലികള്‍ കൂടി പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് സദ്ഗുരു ജഗ്ഗി വാസുദേവ്  ആശുപത്രിയിൽ അഡ്മിറ്റാവാൻ തയ്യാറായില്ല. മാർച്ച് 17ന് അവസ്ഥ കൂടുതൽ മോശമാവുകയും ഇടത്തേ കാലിന് തളർച്ച അനുഭവപ്പെടുകയും ചെയ്തു. തലവേദന കൂടി ഛർദിയും തുടങ്ങി. ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി സ്കാൻ എടുത്തപ്പോൾ ജീവൻ തന്നെ അപകടത്തിലാവുന്ന ഗുരുതരമായ സാഹചര്യമുണ്ടെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് പിന്നീട് വെന്റിലേറ്റർ സഹായം കുറച്ചു.

ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രിയിലെ ന്യൂറോ സർജൻമാർ തന്റെ തലയോട്ടി മുറിച്ച് അതിനുള്ളിൽ നിന്ന് എന്തെങ്കിലും കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് കാലിയായിരുന്നതിനാൽ ഒന്നു കിട്ടിയില്ലെന്നാണ് അദ്ദേഹം തമാശ രൂപേണ വീഡിയോയിൽ പറ‌ഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe