കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു 3 യുവാക്കളെ കൂടി കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം റെന്റ് എ കാര്‍ സംഘത്തിലേക്ക്. കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്കിയവരാണ് തൃശൂരില്‍നിന്നു പിടിയിലായത്. പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐയുടെയും മൊഴിയെടുത്തു. കാർ വാടകയ്ക്കെടുത്ത് സുഹൃത്തിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് എഎസ്ഐ പറഞ്ഞത്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിലെ പകപോക്കലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന .
ഞായറാഴ്ച രാവിലെ 7.10നാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് മൂന്നു യുവാക്കളെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന ഏഴോളം പേർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കഴക്കുട്ടം വെട്ടുറോഡ് വച്ചാണ് പൊലീസ് കാർ പിന്തുടർന്നത്. ഇതോടെ നഗരത്തിൽ പ്രവേശിക്കാതെ അവിടെ നിന്നു തിരിഞ്ഞ ചുവപ്പു നിറമുള്ള കാർ കണിയാപുരം വാടയിൽമുക്ക് പുത്തൻകടവിനടുത്തെത്തി നിർത്തി. അതിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷയിലാണ് കടന്നുകളഞ്ഞതെന്നു പ്രദേശവാസികൾ പറയുന്നു. കാറിൽ രക്തത്തുള്ളികളുണ്ടായിരുന്നു. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ വാടകയ്ക്ക് പലകൈ മറിഞ്ഞതായും പറയുന്നു. ഉടമയെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.