വർക്ക്@ഹോം വഴി പണം സമ്പാദിക്കാമെന്ന് മെസേജ്, പാലക്കാട് സ്വദേശി തട്ടിയത് 6 ലക്ഷം, അറസ്റ്റ്

news image
Mar 16, 2024, 2:46 pm GMT+0000 payyolionline.in

കോട്ടയം : ഓൺലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരം പുത്തൂർ ഭാഗത്ത് ചക്കിങ്കൽ വീട്ടിൽ രാജേഷ് കുമാർ (49) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് തന്റെ വാട്സാപ്പിൽ വർക്ക് അറ്റ് ഹോം വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മെസ്സേജ് വരികയും, തുടർന്ന് യുവാവ് ഇതിൽ ആകൃഷ്ടനാവുകയുമായിരുന്നു. ഇവർ മെസ്സേജ് അയച്ചതിൻ പ്രകാരം യുവാവ് ചെറിയ ജോലികൾ ചെയ്യുകയും ഇതിന് ഇവർ തുച്ഛമായ പണം  യുവാവിന് അയച്ചു നൽകുകയും ചെയ്തു.

പിന്നീട് ഇവരെ വിശ്വസിച്ച യുവാവ് കൂടുതൽ തുക ലഭിക്കണമെങ്കിൽ കൂടുതൽ പ്രോസസിംഗ് ഫീസ് അടക്കണമെന്ന് ഇവർ പറഞ്ഞതിൻ പ്രകാരം 6 ലക്ഷത്തോളം രൂപ ഇവർക്ക് പലതവണകളായി അയച്ചു നൽകി കബളിപ്പിക്കപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിന്റെ നഷ്ടപ്പെട്ട പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടില്‍  ചെന്നതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്. എച്ച്.ഓ സിനോദ്, എ. എസ്.ഐ പത്മകുമാർ, സി.പി.ഓ സ്മിജിത്ത് വാസവൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe