‘ചന്ദനക്കുറിയിടുന്നതിനെ വിലക്കി, വര്‍ഗീയവാദിയാക്കി, മുരളീയേട്ടൻ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കണം’; പത്മജ

news image
Mar 11, 2024, 7:30 am GMT+0000 payyolionline.in

തൃശൂര്‍: മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ചാണ് സ്വീകരിച്ചത്. കരുണാകരന്‍റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര വെളിപ്പെടുത്തലും പത്മജ വേണുഗോപാല്‍ നടത്തി.ഈയൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രണ്ടാംഘട്ടത്തില്‍ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്നും പത്മജ പറഞ്ഞു. തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് താഴേണ്ടിവരും. തോല്‍പ്പിക്കാൻ നിന്നവര്‍ മുരളീയേട്ടന്‍റെ കൂടെ പ്രചാരണ പരിപാടിയിൽ ജീപ്പിന്‍റെ അപ്പുറവും ഇപ്പുറവും നിന്നു.

എംപി വിന്‍സെന്‍റും ടിഎന്‍ പ്രതാപനുമാണോ അതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ആലോചിച്ച് എടുത്തോളുവെന്നായിരുന്നു പത്മജയുടെ മറുപടി. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച വെറെ ആളുകളും ഉണ്ട്. അത് ഘട്ടം ഘട്ടമായി വെളിപ്പെടുത്തും. എന്നെ വല്ലാണ്ട് ചൊറിയട്ടെ അപ്പോ പ്രതികരിക്കും. കരുണാകരന്‍റെ മക്കളോടെ അവര്‍ക്ക് ദേഷ്യമാണ്. പാവം മുരളീയേട്ടൻ വടകര നിന്ന് ജയിച്ചുപോയേനേ. എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്ന് ഇതിന്‍റെ ഇടയില്‍ കൊണ്ടിട്ടതെന്നും പത്മജ ചോദിച്ചു. ജാതക പ്രകാരം അദ്ദേഹത്തിന്‍റെ സമയം നോക്കണം എന്നാലെ പറയാൻ അദ്ദേഹം ജയിക്കുമോയെന്ന് പറയാൻ പറ്റുകയുള്ളു. കാരണം ഇത് തൃശൂരാണ്. നല്ല ആളുകള്‍ ഉണ്ട്, പക്ഷേ കുറച്ച് വൃത്തിക്കെട്ട കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരുടെ അടുത്തുനിന്ന് ഓടിപ്പോയതില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്.

 

എന്നോട് ചെയ്തതുപോലെ മുരളീയേട്ടനോടും അവര്‍ ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തിനാണ് ഇവിടേക്ക് മുരളീയേട്ടനെ കൊണ്ടുവന്നത്? എനിക്ക് വിലയില്ല, കഴിവില്ല എന്ന് പറയുന്നവര്‍ ഞാൻ കാരണമാണ് മുരളീയേട്ടനെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? എന്‍റെ കൂടെ ഊണ് കഴിച്ചയാളാണ് എനിക്കിട്ട് രാത്രി പോയി കുത്തുന്നത്. കോൺഗ്രസിൽ നിന്നപ്പോൾ ചന്ദനക്കുറി തൊടാൻ ഭയമുണ്ടായിരുന്നുവെന്നും നേതാക്കള്‍ വിലക്കിയിരുന്നുവെന്നും പത്മജ ആരോപിച്ചു. ചന്ദനക്കുറിയിടുന്നതില്‍ കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടായിരുന്നു. ഞാൻ വര്‍ഗീയ വാദിയാണ്. ചന്ദനിക്കുറിയിട്ട് നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. അതോടെയാണ് ചന്ദനക്കുറിയിടുന്നത് നിര്‍ത്തിയത്.ഇപ്പോ പൊട്ടിമുളച്ചവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍.

 

അവര് എന്നോട് പറഞ്ഞാല്‍ എനിക്ക് പുച്ഛമാണ്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുക്കാനാണ് ഷാഫിയെ വടകരയിലേക്ക് കൊണ്ടുപോയത്. മുരളിയേട്ടനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കും. കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടേനെ. കോൺഗ്രസുകാരെക്കൊണ്ട് അവസാന കാലത്ത് അച്ഛൻ അത്രയധികം വേദനിച്ചിരുന്നു. വടകരയിൽ ജയിക്കാൻ നിന്നിരുന്ന മുരളീധരനെ തൃശൂരിലെത്തിച്ചത് തോൽപ്പിക്കാൻ വേണ്ടിയാണ്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫും തന്നെ ക്ഷണിച്ചെന്ന് പത്മജ വേണുഗോപാല്‍ വെളിപ്പെടുത്തി. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിലെ ഉന്നതനിൽ നിന്ന് പാർട്ടി മാറാൻ ക്ഷണമുണ്ടായിരുന്നു. അത് കോടിയേരിയല്ല. ഉന്നത നേതാക്കളാണ് പേര് വെളിപ്പെടുത്തില്ല. തൃശൂരിലെ മുൻ ഡിസിസി അധ്യക്ഷൻ എം.പി വിൻസന്‍റിനെതിരെ സാമ്പത്തികാരോപണവും പത്മജ ഉന്നയിച്ചു. പ്രിയങ്കയെ കൊണ്ടുവരാൻ തന്റെ കൈയിൽ നിന്ന് 22 ലക്ഷം വാങ്ങിയെന്നും തന്നെ വണ്ടിയിൽ പോലും കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു. കെപിസിസിയിൽ നിന്നും പണം കിട്ടിയിരുന്നു. അത്രയും തുക ആ പരിപാടിക്കായില്ല. ബാക്കി തുക അവർ തട്ടിയെന്നും പത്മജ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിന്‍റെ പരാമർശത്തില്‍ മുരളീധരൻ മറുപടി പറയാത്തത് വേദനിപ്പിച്ചുവെന്നും സ്വന്തം അമ്മയെ കുറ്റപ്പെടുത്തിയതിനെ അനുകൂലിച്ചത് ദൗർഭാഗ്യകരമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe