രാജ്യത്ത് ആദ്യമായി സർക്കാറിന്‍റെ ഒ.ടി.ടി അവതരിപ്പിച്ച് കേരളം

news image
Mar 7, 2024, 2:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ മിഴിതുറന്നു. തിരുവനന്തപുരം കൈരളി തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാള സിനിമയുടെ വളര്‍ച്ച പരിപോഷിപ്പിക്കുന്ന നിര്‍ണായക ചുവടുവെപ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിട്ട് സ്വകാര്യ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കലാമൂല്യമുള്ള സിനിമകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യമാണ് സി സ്പേസിലൂടെ ഏറ്റെടുക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

കലാമേന്മയുള്ളതും ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതും ശ്രദ്ധേയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയുമായ മലയാള ചിത്രങ്ങള്‍ സി സ്പേസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധ്യക്ഷതവഹിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനാണ് (കെ.എസ്.എഫ്.ഡി.സി) സി സ്പേസിന്‍റെ നിര്‍വഹണച്ചുമതല. കാണുന്ന സിനിമക്ക്​ മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്പേസില്‍ ഒരു സിനിമ 75 രൂപക്ക്​ കാണാം. 40 മിനിറ്റ് ഹ്രസ്വചിത്രത്തിന് 40 രൂപയും 30 മിനിറ്റുള്ളവക്ക്​ 30 രൂപയും 20 മിനിറ്റുള്ളവക്ക്​ 20 രൂപയുമാണ് ഈടാക്കുക. പകുതി തുക നിർമാതാവിന് ലഭിക്കും. പ്ലേ സ്റ്റോറും ആപ്​ സ്റ്റോറും വഴി സി സ്പേസ് ആപ്​ ഡൗണ്‍ലോഡ് ചെയ്യാം. ആദ്യഘട്ടത്തില്‍ 35 ഫീച്ചര്‍ സിനിമയും ആറ്​ ഡോക്യുമെന്‍ററിയും ഒരു ഹ്രസ്വചിത്രവുമാണുള്ളത്​.

മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്‍റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്കാരിക സെക്രട്ടറി മിനി ആന്‍റണി, സാംസ്കാരിക ഡയറക്ടര്‍ എന്‍. മായ, കെ.എസ്.എഫ്.ഡി.സി എം.ഡി കെ.വി. അബ്ദുൽ മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍, കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്, കെ.എസ്.എഫ്.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നവ്യ നായര്‍, എം.എ. നിഷാദ് തുടങ്ങിയവർ പ​ങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe