അമേഠി ഗാന്ധി കുടുംബത്തിന്റേതാണെങ്കിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതെന്ത്?

news image
Mar 7, 2024, 12:08 pm GMT+0000 payyolionline.in

അമേഠി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് വൈകുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയുടെ ശക്തി കോൺഗ്രസ് തിരിച്ചറിഞ്ഞെന്നും പരാജയപ്പെടുമെന്ന ഭയത്തിലാണ് പാർട്ടിയെന്നും അവർ പറഞ്ഞു.

‘‘ഗാന്ധി കുടുംബത്തിന്റെ കോട്ടയാണ് അമേഠിയെന്ന് പറയുന്നവർ എന്താണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നത്. അത് അവരുടെ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്. രണ്ടുസീറ്റിൽ നിന്ന് രാഹുൽ മത്സരിക്കുന്നുണ്ടെങ്കിൽ അമേഠിയിൽ തോൽക്കുമെന്ന് രാഹുലിന് ഉറപ്പുള്ളതുകൊണ്ടാണ്. രാഹുലിന് ധൈര്യമുണ്ടെങ്കിൽ മായാവതിയുടെയും അഖിലേഷ് യാദവിന്റെയും സഹായമില്ലാതെ അമേഠിയിൽ നിന്ന് തനിച്ച് മത്സരിക്കൂ. സത്യം പുറത്തുവരും.’’ സ്മൃതി പറഞ്ഞു.

‘‘2014–ലാണ് അമേഠിയിൽ ഞാൻ എത്തുന്നത്. എന്നാൽ അന്ന് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പക്ഷെ ജനങ്ങളെ സേവിക്കുന്നത് ഞാൻ തുടർന്നു. അവർ എനിക്ക് 2019ൽ അവസരം നൽകി. അമേഠിയിലെ ജനങ്ങൾ എന്നെ സ്വീകരിച്ചു. 2019–ൽ അമേഠിയിൽ ചരിത്രം രചിക്കപ്പെട്ടു.’’ സ്മൃതി ഇറാനി പറയുന്നു.

തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമെന്നും ഇക്കാര്യം താമസിയാതെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഘൽ അറിയിച്ചിരുന്നു. 2002 മുതൽ 2019 വരെ അമേഠിയെ പ്രതിനിധീകരിച്ചിരുന്നത് രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ 2019–ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ  പരാജയപ്പെട്ടു. ബിജെപിയുടെ സ്മൃതി ഇറാനിയാണ് ഇവിടെ നിന്ന് വിജയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe