കൊച്ചി: കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. മാർച്ച് 15 വരെ ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ഷിയാസ് നൽകിയ ഹരജി പരിഗണിച്ചാണിത്. കേസിൽ കോടതി സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു.
ഷിയാസിനെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധത്തിനിടെ ഡി.വൈ.എസ്.പിയെ ആക്രമിച്ചുവെന്ന കേസിൽ ഷിയാസിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്നായിരുന്നു കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. മുഹമ്മദ് ഷിയാസും മാത്യു കുഴല്നാടന് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.ജാമ്യം നേടി പുറത്തുവന്ന ഉടന്‍ ഡിവൈ.എസ്.പിയെ ആക്രമിച്ച കേസില്‍ ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം നടത്തി. എന്നാല്‍ ഷിയാസ് കോടതി സമുച്ചയത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.