സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കിയതോ? പൊലീസ് അറിയുന്നതിന് മുമ്പേ കോളേജിൽ ആംബുലന്‍സെത്തി; അടിമുടി ദുരൂഹത

news image
Mar 6, 2024, 4:09 am GMT+0000 payyolionline.in

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണത്തിലെ സംശയങ്ങൾ നീങ്ങുന്നില്ല. സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ കോളേജിൽ ആംബുലൻസ് എത്തിയതിലും ദൂരുഹത. പൊലീസ് സ്റ്റേഷനിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലൻസുകാർ അധികൃതരോട് പറഞ്ഞത്. എന്നാൽ എഫ്ഐആർ അനുസരിച്ച് വൈകിട്ട് നാലരയോടെ മാത്രമാണ് മരണവിവരം സ്റ്റേഷനിൽ കിട്ടുന്നത്. ഫെബ്രുവരി 18ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും 1.45നും ഇടയിൽ സിദ്ധാർത്ഥ് മരിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ അനുസരിച്ച് 18ന് വൈകിട്ട് 4.29നാണ് മരണ വിവരം വൈത്തിരി സ്റ്റേഷനിൽ അറിയുന്നത്.

എന്നാൽ, മൃതദേഹം ഇറക്കാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അനുമതി വാങ്ങിയെന്ന് ആംബുലൻസിൽ എത്തിയവർ അധികൃതരോട് പറഞ്ഞിരുന്നു. പിന്നാലെ ഒന്നരയോടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് എഫ്ഐആറിൽ മരണ വിവരം അറിഞ്ഞത് വൈകിട്ട് 4.29നാണെങ്കിൽ ആംബുലൻസുകാർ ആരെയാണ് വിളിച്ചതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തുടർച്ചയായുള്ള മർദനം നേരിട്ട സിദ്ധാർത്ഥൻ വെള്ളവും ഭക്ഷണവും കഴിക്കാതെ പൂർണ അവശനായിരുന്നു. എഴുന്നേൽക്കാൻ പോലും കഴിയാതെ കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ സിദ്ധാർത്ഥൻ കുളിമുറിയിൽ പോയി സ്വയം കെട്ടിത്തൂങ്ങുമോ ? ഈ സംശയമാകാം കൊലപാതകമാണോ എന്ന് നിഗമനത്തിലെത്താൻ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.

 

പ്രതികളെ മുഴുവൻ പിടിച്ചെങ്കിലും തുടക്കത്തിൽ പൊലീസിന് വീഴ്ചയുണ്ടെന്ന വിമർശനമുണ്ട്. കുറ്റകൃത്യം നടന്നാൽ ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മഹ്സർ തയ്യാറാക്കുന്നത് വരെ സംഭവ സ്ഥലം സീൽ ചെയ്യുന്നതാണ് രീതി. എന്നാൽ അതുണ്ടായില്ല. ഒരാളുടെ തൂങ്ങി മരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയം വന്നാൽ, സെല്ലോ ഫൈൻ ടേപ് ടെസ്റ്റ് നടത്തിയാണ് സംശയം നീക്കുക. പോസ്റ്റുമോർട്ടത്തിന് മൃതദേഹം എത്തിച്ചപ്പോൾ തൂങ്ങിമരിക്കാനുപയോഗിച്ച മുണ്ട് കൊണ്ടുവന്നില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫൊറൻസിക് സർജൻ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിൽ ഉൾപ്പെടെ പതിനെട്ടിടങ്ങളിൽ പരിക്കുണ്ടെന്ന് വൈത്തിരി പൊലീസ് തന്നെ മാർക്ക് ചെയത് സർജന് നൽകിയിരുന്നു. തൂങ്ങിമരണത്തിന്‍റെ പരിക്കല്ലെന്ന് ഇരിക്കെ, ക്രൈം സീൻ സീൽ ചെയ്യുന്നതിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് പ്രധാന വിമർശനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe