കോഴിക്കോട്: എന്നും നഗരത്തിൽ കാണുന്ന രമേശിനെ കോഴിക്കോട്ടുകാർക്ക് നല്ല പരിചയമാണ്. അവർക്കിടയിലൂടെ എൻഡിഎ സ്ഥാനാർഥിയായി എം.ടി.രമേശ് തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുമായി യാത്ര തുടങ്ങി. വഴിയരികിലെ ഓരോരുത്തരോടും ചിരിച്ചും കൈകൂപ്പി തൊഴുതും നഗരത്തിൽ റോഡ്ഷോ നടത്തിയാണ് രമേശിന്റെ പ്രചാരണത്തിന്റെ ആദ്യദിനം കടന്നുപോയത്.
രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന് അകത്തെ ദുർഗാഭഗവതി പ്രതിഷ്ഠയെ തൊഴുത ശേഷം തൊട്ടടുത്തുള്ള തളി ക്ഷേത്രദർശനം നടത്തിയാണു പ്രചാരണ പരിപാടികളിലേക്ക് ഇറങ്ങിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരെ കൊട്ടാരം റോഡിലെ വീട്ടിൽ ചെന്നുകണ്ട് അനുഗ്രഹം വാങ്ങി.
പിന്നീട് മാറാട് കലാപത്തിൽ മരിച്ചവർക്കു പുഷ്പാർച്ചന നടത്തി. അരയ സമാജം പ്രവർത്തകരെ കാണുകയും വോട്ടഭ്യർഥിക്കുകയും ചെയ്തു. അരയ സമാജം നേതാക്കളായ എ.കരുണാകരൻ, എ.മനോജ്, ടി. പ്രജു എന്നിവർ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി.
ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ വീട്ടിൽ സന്ദർശനം നടത്തി. തുടർന്ന് റെയിൽവേ സ്റ്റേഷനു സമീപത്തെ കിളിപ്പറമ്പ് ക്ഷേത്രപരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങി. വാദ്യമേളങ്ങളുമായി ബൈക്കുകളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ നഗരം ചുറ്റിയ ശേഷം റോഡ് ഷോ കടപ്പുറത്തു സമാപിച്ചു.
ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, കെ.നാരായണൻ, ഇ.പ്രശാന്ത് കുമാർ, ശശിധരൻ നാരങ്ങയിൽ, കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, പി.കെ.അജിത്കുമാർ, പി.സി.അഭിലാഷ്, ഷിനു പിണ്ണാണത്ത്, കെ. നിത്യാനന്ദൻ, ടി.പി.ദിജിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.