‘ഗൂഗിൾ പേ’യെ വെല്ലാൻ യു.പി.ഐ സേവനവുമായി ഫ്ളിപ്കാർട്ട്

news image
Mar 4, 2024, 2:19 pm GMT+0000 payyolionline.in

ഇ-കൊമേഴ്സ് ഭീമൻ ഫ്‌ളിപ്കാർട്ട് ഇന്ത്യയിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) സേവനം ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആപ്പിൽ യു.പി.ഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഫ്ളിപ്കാർട്ട് ആപ്പ് തുറന്നാൽ, ആദ്യം തന്നെ കാണുന്ന യുപിഐ സ്കാനർ ഉപയോഗിച്ച് ഇനി ഇടപാടുകൾ നടത്താവുന്നതാണ്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഫ്‌ളിപ്കാർട്ട് യുപിഐ സേവനം തുടക്കത്തിൽ ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും. ഓൺലൈൻ, ഓഫ്‌ലൈൻ പേയ്‌മെൻ്റുകൾക്കായി ഈ സേവനം ഉപയോഗിക്കാം. കൂടാതെ, പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റുകൾക്കും ഉപയോഗപ്പെടുത്താം. ഗൂഗിൾപേ, ഫോൺപേ എന്നീ വമ്പൻമാരോടാണ് ഫ്ളിപ്കാട്ട് യു.പി.ഐ-യുടെ മത്സരം.

ആമസോണിൽ നേരത്തെ തന്നെ യു.പി.ഐ സേവനം അവതരിപ്പിച്ചിരുന്നു. ആമസോൺ പേ എന്ന പേരിലുള്ള സേവനം നിരവധിപേർ ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യു.പി.ഐ ആപ്പായ ഫോൺപേ നിലവിൽ ഫ്ളിപ്കാർട്ടിന് കീഴിലാണ്.

50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലർമാരും ഫ്‌ളിപ്കാര്‍ട്ടിനുണ്ടെന്നാണ് കണക്കുകൾ. ഈ യൂസർബേസ് പുതുതായി ആരംഭിച്ച യുപിഐ സേവനത്തിന് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe