ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്നും ഹിന്ദുവല്ലെന്നുമുള്ള ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിന് പിന്നാലെ ബി.ജെ.പിയാരംഭിച്ച സമൂഹമാധ്യമ കാമ്പയിനിനെ പരിഹസിച്ച് കോൺഗ്രസ്. നിരവധി ബി.ജെ.പി നേതാക്കൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ‘മോദി കാ പരിവാർ’ എന്ന ഹാഷ്ടാഗ് നൽകിയതോടെയാണ് കോൺഗ്രസിന്റെ പരിഹാസം. ഈ കാമ്പയിനിൽ ബി.ജെ.പിയുടെ സംഘപരിവാറിൽ നിന്നും മോദി പരിവാറിലേക്കുള്ള മാറ്റമാണ് പ്രകടമാകുന്നതെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.
‘മോദി കാ പരിവാർ’ കാമ്പയിൻ തുടങ്ങിയത് കൊണ്ട് ബി.ജെ.പിക്ക് ഇന് കുടുംബരാഷ്ട്രീയത്തെ കുറിച്ച് (പരിവാർവാദ്) സംസാരിക്കാനാകില്ല എന്നായിരുന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രതികരണം. പുതതിയ കാമ്പയിൻ തുടങ്ങിയതോടെ ബി.ജെ.പിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും മാറിയെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് തലവൻ ജിതു പവാരിയുടെ പരാമർശം. ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ആദ്യം അവർ പറഞ്ഞിരുന്നത് രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും പാർട്ടിയുടെയും നേതാക്കളുടെയും സ്ഥാനം അതിന് ശേഷമാണെന്നുമാണ്. മുൻപ് അത് സംഘപരിവാർ ആയിരുന്നത് ഇന്ന് മോദി പരിവാറായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവരും മോദി കാ പരിവാർ കാമ്പയിനിന്റെ ഭാഗമാണ്. വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ കോൺഗ്രസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കുശുമ്പാണെന്നാണ് ബി.ജെ.പി നേതാവ് സുധാൻശു ത്രിവേദിയുടെ പ്രതികരണം. വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികാരവും. അസൂയയും, അപകർഷതാബോധവും മനസിൽവെച്ച് കോൺഗ്രസ് അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ദൻ വിശ്വാസ് റാലിയിലും ലാലു പ്രസാദ് യാദവ് മോദിയെ അപകീർത്തിപ്പെടുത്തി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ രാജ്യം തന്നെയാണ് കുടുംബമെന്നും സുധാൻശു ത്രിവേദി പറഞ്ഞു.
താനൊരു തുറന്ന പുസ്തകമാണെന്നും രാജ്യത്തിന് വേണ്ടി ജീവിക്കുമെന്നുമായിരുന്നു ലാലുവിന്റെ പരാമർശത്തോട് മോദിയുടെ പ്രതികരണം.