കണ്ണൂർ: വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും കോടതി കാണിച്ചത് നീതീകരിക്കാനാവാത്ത ധൃതിയായിരുന്നെന്നും സി.പി.എം നേതാവ് പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകൾ സാർവത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ ഹൈകോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പിന്തുടർന്നിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
പി.ജയരാജനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണകോടതി ശിക്ഷിച്ച ആറ് പ്രതികളിൽ അഞ്ച് പേരുടെ ശിക്ഷ ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിനതടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പ്രതികളുടെ ശിക്ഷ ജസ്റ്റിസ് സോമരാജൻ റദ്ദാക്കിയത്. വിചാരണക്കോടതി വിട്ടയച്ച മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും തള്ളി.