ന്യൂയോർക്: സേവന ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകളടക്കം പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗ്ൾ. 10 ഇന്ത്യൻ കമ്പനികളുടെ ആപ്പുകളാണ് ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കിയത്.
ഭാരത് മാട്രിമോണി, ക്രിസ്റ്റ്യൻ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി എന്നിവയാണ് പ്ലേസ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് ഗൂഗ്ളിന്റെ നീക്കമെന്ന് മാട്രിമോണിയൽ കമ്പനി സ്ഥാപകൻ മുരുഗവേൽ പ്രതികരിച്ചു.
ഞങ്ങളുടെ ആപ്പുകൾ ഒന്നൊന്നായി ഡിലീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് മാട്രിമോണി ആപ്പ് പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ കമ്പനികളായ മാട്രിമോണി ഡോട്കോം, സമാന ആപ്പായ ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് ആൽഫബെറ്റ് ഇങ്കിന്റെ യൂനിറ്റ് നോട്ടീസ് അയച്ചു. നോട്ടീസ് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് രണ്ടു കമ്പനികളും തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിനു ശേഷം മാട്രിമോണി ഡോട്കോമിന്റെ ഓഹരികൾ 2.7 ശതമാനം ഇടിഞ്ഞു. ഇൻഫോ എഡ്ജ് 1.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.