പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണം: ഹൈക്കോടതി

news image
Mar 1, 2024, 11:30 am GMT+0000 payyolionline.in

കൊച്ചി∙ പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു. ഇതിന്റെ തുടർവാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷനൽ ഡയറക്ടർക്കു കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണു കൊല്ലം സ്വദേശിനി കോടതിയിലെത്തിയത്. മുവാറ്റുപുഴ സ്വദേശിയാണു ഭർത്താവ്. വിവാഹം നടന്ന 2012 ഏപ്രിൽ 12നു വൈകിട്ട് ഭർത്താവും മാതാപിതാക്കളും കൂടി ‘നല്ല ആൺകുട്ടി ഉണ്ടാകാൻ’ എന്നു പറഞ്ഞ് കുറിപ്പ് കൈമാറിയെന്നാണു പരാതി.

ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി കൈമാറിയതിന്റെ പകർപ്പും കയ്യക്ഷരം ഭർതൃപിതാവിന്റെയാണെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണെന്നിരിക്കെ ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർക്ക് എങ്ങനെ ഇടപെടാൻ കഴിയും? ദമ്പതികളുടെ 10 വയസ്സുളള മകളെ ഇതെങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ടെന്നു കോടതി പറഞ്ഞു. പെൺകുഞ്ഞിനു ജന്മം നൽകിയതോടെ ഭർത്താവും വീട്ടുകാരും തന്നോട് അകൽച്ച കാണിച്ചതായി ആരോപിച്ച് ഹർജിക്കാരി കൊല്ലം കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe