ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

news image
Feb 26, 2024, 2:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ് പരിധിയില്‍ തന്നെ നിയമിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം.

സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്ന് കമ്മീഷന്‍ നേരത്തേ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റുമ്പോള്‍ അതേ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന സ്ഥലത്തേക്കാകരുതെന്നാണ് നിര്‍ദേശം. സംസ്ഥാനത്തും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് എം. കൗള്‍ അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വ മിഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ ക്യൂ.ആര്‍ കോഡ് എന്നിവ പതിച്ചു മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ നിര്‍മിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേന സാമ്പിളുകള്‍ സമര്‍പ്പിക്കണം. കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീന്‍ വസ്തുക്കള്‍ ഇകജഋഠ നിന്നും പിവിസി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീന്‍ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വില്‍പന നടത്താവൂ.

ഉപയോഗ ശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിങ് യൂണിറ്റിലേക്കു തന്നെയോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ സേനയ്ക്ക്, ക്ലീന്‍ കേരള കമ്പനിക്ക് യൂസര്‍ ഫീ നല്‍കി റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കണം. ഹരിത കര്‍മസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കി പരസ്യ പ്രിന്റിങ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണമെന്നും ശുചിത്വ മിഷന്‍ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe