‘ടി പി ചന്ദ്രശേഖരനും അതെല്ലാമുണ്ടായിരുന്നു, അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചത്’: പ്രതികൾക്കെതിരെ കെ കെ രമ

news image
Feb 26, 2024, 12:20 pm GMT+0000 payyolionline.in

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ കെ രമ എംഎൽഎ. അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ, ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്നുള്ളത് ഓർത്തില്ല. ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെ കെ രമ പറഞ്ഞു.

ടിപി വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചാണ് ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.

 

താൻ നിരപരാധിയാണെന്നാണ് ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. ശിക്ഷ വര്‍ധിപ്പിക്കരുതെന്ന് ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.

കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ആം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമുണ്ട്. വീട്ടിൽ ഭാര്യക്കും മകനും അസുഖമാണ്. അനുജൻ കൊല ചെയ്യപ്പെട്ടതാണെന്നും അനുജന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു പറഞ്ഞു.

കേസുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു. തടവിൽ കഴിയവേ പൊലീസ് മർദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയിൽ പറഞ്ഞത്.

ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. 12 വർഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെ സി രാമചന്ദ്രൻ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിന്‍റെ പേരിലാണ് തന്നെ കേസിൽ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മർദനത്തിൽ നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ സർജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്ത് വെച്ചോ പരോളിൽ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ലെന്നും കെ സി രാമചന്ദ്രൻ കോടതിയോട് പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും കെ കെ കൃഷ്ണൻ പറഞ്ഞു. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും പരസഹായം ആവശ്യമുണ്ടെന്നും കൃഷ്ണൻ പറഞ്ഞു. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ ബന്ധം തനിക്കില്ലെന്നും ടാക്സി ഡ്രൈവര്‍ മാത്രമാണെന്നും അയാൾ കോടതിയിൽ അറിയിച്ചു.

തുടര്‍ന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോർട്ട് സര്‍ക്കാരിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറി. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ 10.15 ന് പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe