കൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോഴും പുറത്തിറക്കുമ്പോഴും മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള പ്രതികളെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുവരുമ്പോൾ എതിർഗ്രൂപ്പുകാർ നടത്തിയ ബോംബേറിൽ കാൽനടയാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ട വിചാരണക്കോടതി വിധി ശരിവച്ചാണ് ജസ്‌റ്റിസ് സതീഷ് നൈനാന്റെ നിരീക്ഷണം.
1999 ജൂലൈയിൽ ജയിലിനുമുന്നിലെ നടപ്പാതയിലുണ്ടായ സ്‌ഫോടനത്തിൽ ഇന്ത്യൻ കോഫീഹൗസ് ജീവനക്കാരൻ സുധീർകുമാറിന് പരിക്കേറ്റിരുന്നു. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും വിചാരണക്കോടതി വിധിച്ചിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് ഉത്തരവിട്ടത്. നഷ്‌ടപരിഹാരത്തുക ഉയർന്നതാണെന്നും തുക നൽകാൻ സംസ്ഥാനത്തിന് ബാധ്യതയില്ലെന്നും ചൂണ്ടിക്കാണിച്ച് സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് വിധി.