ഡൽഹി ചലോ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കും; കർഷകർ അതിർത്തിയിൽ തുടരും

news image
Feb 24, 2024, 9:35 am GMT+0000 payyolionline.in
ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ദിവസങ്ങളായി കർഷകർ നടത്തിവരുന്ന ഡൽഹി ചലോ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കാൻ തീരുമാനം. മാർച്ച് താൽക്കാലികമായി ഈ മാസം 29 വരെ നിർത്തിവയ്ക്കുകയാണെന്നും കർഷകർ അതിർത്തിയിൽ തന്നെ തുടരുമെന്നും സംയുക്ത കിസാൻ മോർച്ചയും (നോൺ പൊളിറ്റിക്കൽ) കിസാൻ മസ്ദൂർ മോർച്ചയും അറിയിച്ചു. സമരത്തിനിടെ കർഷകർ മരിച്ചതിനെത്തുടർന്നാണ് നടപടി. 29ന് സമരത്തിന്റെ തുടർനടപടികളെപ്പറ്റി തീരുമാനിക്കും. വ്യാഴാഴ്ച വരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പ്രതിഷേധ കേന്ദ്രങ്ങളായ ശംഭു, ഖനൗരി എന്നിവിടങ്ങളിൽ കർഷകർ നിലയുറപ്പിക്കും.

ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കർഷകസംഘടനകളും കുടുംബവും അറിയിച്ചു. 3 ദിവസമായി ശുഭ് കരണിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച 1 കോടി രൂപയുടെ നഷ്ടപരി​​ഹാരവും സർക്കാർ ജോലിയും കുടുംബം നിരസിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത മറ്റൊരു കർഷകൻ കൂടി ഇന്നലെ മരണപ്പെട്ടിരുന്നു. ഇതോടെ സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ എണ്ണം അഞ്ചായി.

ഇന്ന് കർഷകർ മെഴുകുതിരി സമരം നടത്തും. നാളെ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ വിവിധ സെമിനാറുകൾ സംഘടിപ്പിക്കും. ഫെബ്രുവരി 26ന് ലോക വ്യാപാര സംഘടനയുടെയും (ഡബ്ല്യുടിഒ) മന്ത്രിമാരുടെയും കോലം കത്തിക്കും. കർഷകസംഘടനകളുടെ മീറ്റിങുകളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe