വൻ ലഹരി സംഘത്തിനെതിരെ അന്വേഷണം; 3500 കോടിയുടെ ഉൽപ്പന്നങ്ങൾ പിടിച്ച് പുണെ പൊലീസ്; വിദേശത്തേക്കും കടത്ത്

news image
Feb 22, 2024, 7:18 am GMT+0000 payyolionline.in

മുംബൈ: രാജ്യത്തെ വൻ ലഹരി റാക്കറ്റിനെ വലയിലാക്കാൻ അന്വേഷണ ഏജൻസികളുടെ തീവ്ര ശ്രമം. പുണെയിലും ദില്ലി പൊലീസിന്റെ സഹായത്തോടെ ദില്ലിയിലുമായി പുണെ പൊലീസ് നടത്തിയ പരിശോധനയിൽ 3500 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. പുണെക്കടുത്ത് കുപ്‌വാഡിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മാത്രം 140 കോടി രൂപയുടെ മെഫഡ്രോൺ പിടിച്ചെടുത്തു. ലഹരി മാഫിയയുമായി ബന്ധമുളള മൂന്ന് പേരെ ഇവിടെ നിന്നും പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

 

ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ ലഹരിക്കടത്തിൽ കേന്ദ്രസര്‍ക്കാരിനെയും ബിജെപി സര്‍ക്കാരുകളെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് നാനാ പടോലെ രംഗത്തെത്തി. പുണെയിൽ പിടിയിലായ ലഹരി സംഘത്തിന്റെ ഗുജറാത്ത് ബന്ധം അന്വേഷിക്കണമെന്ന് നാനാ പടോലെ ആവശ്യപ്പെട്ടു.

 

അതിനിടെ ലഹരി മാഫിയ ഉൽപ്പന്നങ്ങൾ ലണ്ടനിലേക്കും കടത്തിയെന്നാണ് കണ്ടെത്തൽ. ലണ്ടനിലേക്ക് കപ്പൽ മാർഗം മെഫഡ്രോൺ ലഹരിമരുന്ന് കടത്തിയിരുന്നതായി പുണെ പൊലീസ് പറയുന്നു. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊറിയർ കമ്പനിയാണ് ഇതിന് പിന്നിൽ. ഭക്ഷണ പൊതികളുടെ മറവിലായിരുന്നു വിദേശത്തേക്ക് ലഹരി കടത്തിയത്. പുണെയിലെയും ദില്ലിയിൽ നിന്നുമായി ഇതുവരെ 1,800 കിലോ മെഫഡ്രോൺ ആണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പുണെ പൊലീസിന്റെ പരിശോധന തുടരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe