പൊലീസിന്‍റെ അനാസ്ഥ; എലത്തൂരില്‍ പോക്സോ കേസില്‍ പരാതി നല്‍കാനെത്തിയ അമ്മയും മകളും സ്റ്റേഷനിൽ കാത്തുനിന്നത് 4 മണിക്കൂർ

news image
Feb 21, 2024, 4:06 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ പോക്സോ കേസില്‍ പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിനിയെയും അമ്മയെയും നാല് മണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തിച്ചു. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ നില്‍ക്കേണ്ടി വന്ന കുട്ടി മാനസിക ശാരീരിക പ്രയാസങ്ങളാല്‍ ഒടുവില്‍ തളര്‍ന്നുവീണു. പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

 

കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നും ഉച്ചയോടെ വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് ബസില്‍ വെച്ച് യാത്രക്കാരന്‍ ഉപദ്രവിച്ചത്. ലൈംഗിക അതിക്രമം തുടര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥിനി വിവരം ബഹളം വെക്കുകയും ഫോണില്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉപദ്രവിച്ച കാട്ടിലപ്പീടിക സ്വദേശി സജീവന്‍ എന്ന യാത്രക്കാരനെ ബസിലെ മറ്റുള്ളവര്‍ ചേര്‍ന്ന് എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉച്ചയ്ക്ക് ഒന്നര മണിയോടെ എലത്തൂര്‍ സ്റ്റേഷനിലെത്തിയ കുട്ടിക്കും അമ്മയ്ക്കും ആറ് മണി വരെയാണ് സ്റ്റേഷനില്‍ നില്‍ക്കേണ്ടി വന്നത്. സ്റ്റേഷന്‍ ഓഫീസറും മൂന്ന് എസ് ഐമാരും മന്ത്രി ശശീന്ദ്രന്റെ എസ്കോര്‍ട്ട് പോയതിനാലും ആവശ്യത്തിന് വനിത പൊലീസ് ഇല്ലാത്തതിനാലുമാണ് വൈദ്യ പരിശോധന വൈകിയതെന്നാണ് പൊലീസ് ബന്ധുക്കളോട് പറഞ്ഞത്.

 

ഒടുവില്‍ കുട്ടി സ്റ്റേഷനില്‍ തളര്‍ന്നു വീണപ്പോള്‍ ബന്ധുക്കള്‍ തന്നെ ഓട്ടോ വിളിച്ച് ബീച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വനിതാ പൊലീസ് ആശുപത്രിയിലെത്തിയത്. വൈദ്യ പരിശോധനയും മജിസ്ട്രറ്റിന്റെ മൊഴി എടുക്കലും കഴിഞ്ഞ് രാത്രി 12.30 തോടെയാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മാനസിക ശാരീരിക പ്രയാസങ്ങളിലൂടെയാണ് കുട്ടി കടന്ന് പോയതെന്നും പൊലീസ് അനാസ്ഥയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. കേസിലെ പ്രതി സജീവന്‍ റിമാന്‍ഡിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe