മാനന്തവാടി: ഒൻപത് ദിവസം രാപകലില്ലാതെ ബേലൂർ മഖ്നയെ പിടിക്കാൻ നടത്തിയ ദൗത്യം നിലച്ച മട്ടിൽ. ആന കർണാടക വനത്തിലേക്ക് പോയതോടെയാണ് ദൗത്യസംഘത്തിന് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നത്. ശനിയാഴ്ച രാത്രിയോടെ ആന കേരള അതിർത്തി കടന്ന് കർണാടക വനത്തിലേക്ക് കടന്നതായി വനപാലകർ അറിയിച്ചു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പകൽ മുഴുവനും മോഴയാന കർണാടക വനത്തിൽ തന്നെയാണുള്ളത്.
അതിർത്തിയിൽ നിന്ന് ഏഴു കിലോമീറ്ററോളം ഉള്ളിലായാണ് മോഴയാനയുടെ നിൽപ്. ഇതോടെ ദൗത്യം നിർത്തിവച്ചു. പുൽപള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി ഡോ.അരുൺ സഖറിയ അടക്കമുള്ളവർ അങ്ങോട്ട് നീങ്ങി. അതിർത്തി കടന്നു വീണ്ടും കേരളത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടുന്നതിനായി മയക്കുവെടി സംഘം ബാവലി കാട്ടിനുള്ളിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ആന ഇന്നും കേരളത്തിലേക്ക് തിരികെ വന്നില്ല.
ഞായറാഴ്ച രാവിലെ കേരള അതിർത്തിയിൽ നിന്നു ഏകദേശം 500 മീറ്റർ അകലെയുണ്ടായിരുന്ന ആന ഉച്ചയോടെ 1.5 കിലോമീറ്റർ അകലേക്ക് നീങ്ങി. റേഡിയോ കോളർ സിഗ്നൽ വഴി ഇപ്പോഴും ആനയെ ട്രാക്ക് ചെയ്യുന്നുണ്ട്. 10നു രാവിലെ പടമലയിലെ പനച്ചിയിൽ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ആന ജനവാസ കേന്ദ്രത്തിലേക്ക് തിരികെ എത്താതിരിക്കാനായി വനപാലകർ കാവലുണ്ട്. 13 വാഹനങ്ങളിലായി പട്രോളിങ് സംഘങ്ങൾ സ്ഥലത്തുണ്ട്. രാത്രിയിൽ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി.