കണ്ണൂർ: മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ച് കണ്ണൂർ വിമാനത്താവളത്തിലേക്ക് മടങ്ങും വഴിയാണ് ഗവർണർക്കു നേരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെത്തുടര്‍ന്ന് ഗവർണര്‍ വാഹനത്തിന് പുറത്തിറങ്ങി സമര്‍ക്കാര്‍ക്ക് നേരെ തിരിഞ്ഞു. ഇതോടെ പൊലീസ് സമരക്കാരെ നീക്കുകയായിരുന്നു. മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥയോട് അവരെ തടയരുതെന്ന് ഗവർണർ പറഞ്ഞു.
നിങ്ങളോട് എനിക്ക് സ്‌നേഹമാണെന്ന് പറഞ്ഞാണ് അദ്ദേഹം സമരക്കാരിലേക്ക് നീങ്ങിയത്. തുടര്‍ന്ന് മട്ടന്നൂര്‍ ജങ്ഷനില്‍ 10 മിനിട്ടോളം ചെലവഴിച്ച ഗവർണർ വഴിയരികില്‍ നിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു. അതിനു ശേഷം വിമാനത്താവളത്തിലേക്ക് പോയി.
കൂത്തുപറമ്പ്-കണ്ണൂർ റോഡിലേക്ക് തിരിയുന്ന ജങ്ഷനിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി വന്നത്. പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. അതിനാൽ വലിയ പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ ബാനറും പ്ലാക്കാര്‍ഡുമായി ജംഗ്ഷനില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് സി.പി.എം നേതാവ് ഉറപ്പ് നല്‍കുകയും ഉദ്യോഗസ്ഥരോട് സമരക്കാര്‍ക്ക് വലയം തീര്‍ക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വഴിയരികിലെ സമരക്കാരെ കണ്ടതോടെ ഗവർണര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകുന്നതിനിടെ ഇന്നലെ രാത്രി മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. സംഭവത്തില്‍ 10 എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക്കെതിരെ കേസെടുക്കുകയും ചെയ്തു.