ന്യൂഡൽഹി: അമിതാഭ് ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങളും മറ്റു പ്രമുഖരും പങ്കെടുത്ത രാമക്ഷേത്ര പ്രതിഷ്ഠ പരിപാടിയിൽ പിന്നാക്ക വിഭാഗത്തിൽനിന്ന് ആരെങ്കിലുമുണ്ടായിരുന്നോയെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും കഴിഞ്ഞ മാസം നടന്ന രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ഒ.ബി.സിയിലോ ദലിത് വിഭാഗത്തിലോ ഉള്ള ഒരാളെ പോലും പരിപാടിയിൽ പങ്കെടുപ്പിച്ചില്ലെന്നും രാഹുൽ വിമർശിച്ചു.
താഴ്ന്ന ജാതിക്കാർക്ക് പ്രാതിനിധ്യമില്ലാത്ത കാഴ്ചയായിരുന്നു രാമ പ്രതിഷ്ഠ ചടങ്ങ്. നിങ്ങൾ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് കണ്ടോ? ഒരു ഒ.ബി.സി മുഖം ഉണ്ടായിരുന്നോ? അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്ര മോദിയും ഉണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച യു.പിയിലെ പ്രയാഗ്രാജിൽ ഭാരത് ജോഡോ ന്യായ് യാത്രാ മാർച്ചിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 73 ശതമാനം വരുന്ന ആളുകളെ ചടങ്ങിനിടെ എവിടെയും കണ്ടില്ല. അവർ രാജ്യത്തിൻ്റെ ഭരണം ഏറ്റെടുക്കാൻ ബി.ജെ.പി ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അസമത്വങ്ങൾ തുറന്നുകാട്ടുന്നതിനുള്ള അനിവാര്യമായ ഉപകരണമായി ജാതി സെൻസസ് മാറണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് രാജ്യത്തിൻ്റെ എക്സ്റേയാണ്. ഇത് എല്ലാം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാമ പ്രതിഷ്ഠ ചടങ്ങിൽ ഐശ്വര്യറായ് പങ്കെടുത്തിരുന്നില്ല.