വഞ്ചിയൂർ : തിരുവനന്തപുരത്ത് ചിപ്സ് കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. കൈതമുക്കിലെ കണ്ണൻ ചിപ്സ് സ്റ്റാളിലാണ് തീപിടുത്തം ഉണ്ടായത്. കടയുടമയായ വഞ്ചിയൂർ അത്താണി ലൈനിൽ അപ്പു ആചാരി(85) ആണ് മരിച്ചത്. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന കടയുടമ കണ്ണൻ, സഹായി പാണ്ഡ്യൻ എന്നിവരെ ഗുരുതരപരിക്കുകളോടുകൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അപകടം.
ഗ്യാസ് അടുപ്പിൽനിന്ന് ചിപ്സ് വറുക്കുന്ന എണ്ണയിലേക്ക് തീ പടർന്നതാണ് അപകടകാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചു. അപകട സമയത്ത് കടയിലുണ്ടായിരുന്ന മറ്റ് പാചകവാതക സിലിണ്ടറുകൾ അഗ്നി സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് മാറ്റിയതുകൊണ്ട് വൻ അപകടം ഒഴിവായി. കട പൂർണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മെഡിക്കൽ സ്റ്റോറും ഭാഗികമായി കത്ത് നശിച്ചു. തലനാരിഴക്കാണ് മെഡിക്കൽ സ്റ്റോർ ഉടമ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ചെങ്കൽച്ചുള്ള അഗ്നി സുരക്ഷാ കേന്ദ്രത്തിൽ നിന്നും മൂന്ന് യൂണിറ്റുകളെത്തി ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ആന്റണി രാജു എംഎൽഎ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ജില്ലാ ഫയർ ഓഫീസർ സൂരജ്, സ്റ്റേഷൻ ഓഫീസർ നിതിൻ രാജ്, രാമമൂർത്തി, ഉല്ലാസ്, സുരേഷ് കുമാർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എന്നിവരുടെ നേതൃത്വത്തിൽ 12 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരാണ് തീയണച്ചത്. അപ്പു ആചാരിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.