പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്  

news image
Feb 17, 2024, 7:41 am GMT+0000 payyolionline.in

മാനനന്തവാടി : വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ  കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്. 

 

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽകെട്ടിവെച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പൊലീസിനെതിരെയുമാണ് ജനരോഷം ആളിക്കത്തുന്നത്.

 

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe