പാളത്തിലേക്ക് ഓടിയ പതിനെട്ടുകാരനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി മാഹി സ്റ്റേഷനിലെ പോലീസുകാർ

news image
Feb 15, 2024, 3:50 pm GMT+0000 payyolionline.in

കോഴിക്കോട്: ഇന്നലെ ഉച്ചയോടെയാണ് കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ചോമ്പാല സ്റ്റേഷനിലേക്ക് മെസേജ് വന്നത്. പതിനെട്ടുകാരനെ കാണാതായെന്നും മൊബൈല്‍ ലൊക്കേഷന്‍ മാഹിയിലാണ് കാണിക്കുന്നതെന്നുമായിരുന്നു സന്ദേശം. ഒട്ടും വൈകാതെ തന്നെ ആ സന്ദേശം അഴിയൂര്‍ ഭാഗത്ത് പട്രോളിംഗിലുണ്ടായിരുന്ന എസ് ഐ പ്രശോഭിന് കൈമാറി.

കാണാതായ കുട്ടിയുടെ ഫോട്ടോ എസ് ഐയുടെ കൂടെയുണ്ടായിരുന്ന പൊലീസുകാരായ ചിത്രദാസിനും സജിത്തിനും അയച്ചുകൊടുക്കുകയും ചെയ്തു. മറ്റൊന്നും ആലോചിക്കാതെ ഇവര്‍ മാഹി റെയില്‍വേ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവരോട് കുട്ടിയുടെ ഫോട്ടോ കാണിച്ച് അന്വേഷിക്കുന്നതിനിടയില്‍ സ്‌റ്റേഷനിലേക്ക് ഒരു ട്രെയിന്‍ വരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടി റെയില്‍പാളത്തിലേക്ക് ഓടുന്നത് ഇവര്‍ ശ്രദ്ധിച്ചത്. തങ്ങള്‍ അന്വേഷിക്കുന്ന ആള്‍ തന്നെയാണ് ഇതെന്ന മനസ്സിലായതോടെ അവനെ പിടിക്കാനായി മൂവരും പിറകേ ഓടി.

പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്നവരോട് കുട്ടിയെ തടയാന്‍ ആവശ്യപ്പെട്ടെങ്കിലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏവരും സ്തബ്ധരായി നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ അവനെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി.

മാഹി സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനായിരുന്നതിനാല്‍ വേഗത കുറഞ്ഞത് പൊലീസുകാര്‍ക്ക് ഗുണമായി. ട്രെയിന്‍ യുവാവിന് സമീപം എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അവനെ തടഞ്ഞ് കീഴ്‌പ്പെടുത്താനായി. തങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന നടത്തിയ സമയോചിത നീക്കത്തിലൂടെര ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ച സന്തോഷത്തിലാണ് എസ്.ഐ പ്രശോഭും ചിത്രദാസും സജിത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe