തിരുവനന്തപുരം> പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേര്‍സ് ഹാളില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളുടെ പരിഷ്‌ക്കരിച്ച കരിക്കുലത്തിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ ആറു മാസംവരെ ദൈര്‍ഘ്യമുള്ള ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതി നടപ്പാക്കുന്നത്. എന്‍ജിനീയറിങ് ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളില്‍ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളുടെ പരിഷ്‌കരിച്ച കരിക്കുലത്തിന്റെ ഭാഗമായാണ് ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ് നടപ്പിലാക്കുവാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
പദ്ധതിയിലൂടെ അവസാന സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ സ്‌റ്റൈഫന്റോടെ ഇന്റേണ്‍ഷിപ്പ് നേടാനാകും. ഇതിനോടകം നൂറ്റിയമ്പതിലധികം കമ്പനികള്‍ ഇന്റേണ്‍ഷിപ്പിന് താല്പര്യം പ്രകടിപ്പിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
നിലവില്‍ മുപ്പതോളം കമ്പനികള്‍ വകുപ്പുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ടെക്‌സാസ് ഇന്‍സ്ട്രുമെന്‍സ് എന്ന ലോകോത്തര സ്ഥാപനമുള്‍പ്പെടെ വിവിധ കമ്പനികളില്‍ ഇതിനോടകംതന്നെ കുട്ടികള്‍ ഇന്റേണ്‍ഷിപ്പിനായി ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. വിജയകരമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്ന് അവിടെത്തന്നെ ജോലിയും ഉറപ്പ് നല്‍കിക്കൊണ്ടാണ് വിവിധ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുള്ളത്.
എഞ്ചിനീയറിംഗ് ക്യാമ്പസുകളില്‍ നിന്ന് പുറത്തുവരുന്ന കുട്ടികള്‍ക്ക് അക്കാദമിക് യോഗ്യതകള്‍ക്ക് ഉപരിയായി ആവശ്യമായ വ്യാവസായിക പ്രവൃത്തിപരിചയം ഇല്ലായെന്നുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നതോടെ തൊഴില്‍ സജ്ജമായ ഒരു യുവതലമുറയായിരിക്കും സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളില്‍ നിന്നും പുറത്തുവരുന്നത്. ഇത് വൈജ്ഞാനിക സമ്പദ് ഘടനയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും പദ്ധതി പോളിടെക്‌നിക് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.