പാലോട്: തിരുവനന്തപുരം പാലോട് ബിവറേജസ് ഔട്ട്ലെറ്റിൽ 11 കുപ്പി വിദേശമദ്യം മോഷണം നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മോഷണക്കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലറങ്ങിയ അതേദിവസം തന്നെയായിരുന്നു മൂന്നംഗ സംഘത്തിന്‍റെ അടുത്ത മോഷണം. വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കല്ലറ വെള്ളംകുടി സ്വദേശികളായ സജീർ, ബാബു, വിഷ്ണു എന്നിവരെ പാലോട് പൊലിസ് പിടികൂടിയത്.
പാങ്ങോട് ബിഎസ്എന്‍എല്‍ ഓഫീസിലെ ബാറ്ററി മോഷണക്കേസിൽ ജയിലിൽ നിന്നും ജാമ്യം കിട്ടി ജനുവരി 29 നാണ് മൂന്ന് പ്രതികളും പുറത്തിറങ്ങിയത്. പാലോട് ബസിറങ്ങി നേരെ പോയത്പാണ്ഡ്യൻ പാറ – വനമേഖലയോട്ചേ ർന്ന വിദേശ മദ്യ ഷോപ്പിലേക്കാണ്. എന്നാൽ പ്രവർത്തന സമയം കഴിഞ്ഞ് ബിവറേജസ് ഷോപ്പ് അടച്ചിരുന്നു. അടുത്ത ദിവസം അവധിയാണെന്ന ബോർഡ് കൂടി കണ്ടതോടെ മറ്റൊന്നും ആലോചിച്ചില്ല. പൂട്ട് പൊളിച്ച്മൂവർ സംഘം ബിവറേജസിലേക്ക് കയറി.
പ്രതികൾ ആദ്യം എടുത്തത് 15,000 രൂപ വില വരുന്ന 11 കുപ്പി വിദേശ മദ്യമാണ്. ഇതിനിടെ പ്രതികളിലൊരാൾ ഒരു കുപ്പി പൊട്ടിച്ച് അകത്താക്കുന്നത് സിസിടിവി മോണിറ്ററിലൂടെ മറ്റു രണ്ടു പേർ കണ്ടു. ഇതോടെ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്കും മോണിറ്ററും എടുത്ത് ഷോപ്പിന്പുറകിലെ കിണറ്റിൽ നിക്ഷേപിച്ചു. ലോക്കറിലെ പണം കൈക്കലാക്കാനുള്ള ശ്രമം പാളിയതോടെ അത് ഉപേക്ഷിച്ച് മദ്യവുമായി മൂവരും കല്ലറയിലേക്ക് കടന്നു.
ഇതിനിടയിൽ യാത്രക്കിടെ ക്ഷീണിതനായി കടത്തിണ്ണയിൽ കിടന്ന വിഷ്ണു ഉറങ്ങിപ്പോയി. സജീറും ബാബുവും വീട്ടിലേക്ക് മടങ്ങി. ജനുവരി 31 ന് ഔട്ട്ലെറ്റിലെത്തിയ മാനേജറാണ് മോഷണ വിവരം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ വിരലടയാളം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലായ സജീര്‍ പോക്സോ ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ പ്രതിയാണ്.