ഇറാൻ അനുകൂല സേനക്ക് നേരെ സിറിയയിലും ഇറാഖിലും യു.എസ് വ്യോമാക്രമണം: 13 പേർ കൊല്ലപ്പെട്ടു

news image
Feb 3, 2024, 3:27 am GMT+0000 payyolionline.in

ഡമസ്കസ്: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരിൽ സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകൾ വർഷിച്ചു.

ഇന്ന്​ പുലർച്ചെയൊണ്​​ യു.എസ്​ പോർവിമാനങ്ങളുടെ ആക്രമണം നടന്നത്​. സിറിയയിലും ഇറാഖ്​ അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ്​ റിപ്പോർട്ട്​. അയ്യാശ്​ നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ്​ ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്​തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ കൂടിയാണിത്​.

ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ്​ ഇന്നലെ പകലാണ്​ അനുമതി നൽകിയത്​. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങൾക്കെതിരെ ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ​ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ പ്രസ്താവിച്ചു.

എന്നാൽ, ആക്രമണത്തെ കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാൽ, തങ്ങളെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഇന്നലെ പറഞ്ഞിരുന്നു. ‘സൈനിക നടപടി പരിഗണനയിലുണ്ടെന്ന് മുമ്പ് അമേരിക്ക പറഞ്ഞു. എന്നാൽ, ഇറാനുമായി ഏറ്റുമുട്ടാൻ ഉദ്ദേശ്യമില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മേഖലയിലെ ഇറാന്റെ സൈനിക ശക്തി ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. മറിച്ച് മേഖലയിലെ രാജ്യങ്ങൾക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന സുരക്ഷ ഉറപ്പാക്കുന്ന ശക്തിയാണ് ഇറാൻ’’ -ടി.വി അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ജോർഡനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്. ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനിക ക്യാമ്പുകൾക്ക് നേരെ പലവട്ടം ആക്രമണമുണ്ടായി. തിരിച്ചടിക്കാൻ വൈറ്റ് ഹൗസിന്റെ അനുമതിക്ക് കാത്തുനിൽക്കുകയാണെന്ന് യു.എസ് സൈനിക മേധാവി അറിയിച്ചിരുന്നു. അതേസമയം, യു.എസ് ക്യാമ്പ് ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ അനുമതി നൽകിയത്.

അതിനിടെ, താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തിൽ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം.

രണ്ടുമാസത്തേക്ക് വെടിനിർത്താമെന്നും അതിനിടക്ക് ഘട്ടംഘട്ടമായി ഇസ്രായേലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണമെന്നുമുള്ള നിർദേശമാണ് മധ്യസ്ഥ ചർച്ചയിൽ ഉയർന്നിരുന്നത്. ഇസ്രായേൽ ഇതിന് സമ്മതിച്ചതായും മധ്യസ്ഥ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ബന്ദിമോചനത്തിനായി ശക്തമായ ആഭ്യന്തര സമ്മർദം നേരിടുന്ന ഇസ്രായേൽ ഭരണകൂടം ഒരു ബന്ദിക്ക് പകരം 100 ഫലസ്തീനികളെ മോചിപ്പിക്കാൻ സന്നദ്ധമായി.

എന്നാൽ, ബന്ദികൾ സ്വതന്ത്രമായാൽ ഇസ്രായേൽ വീണ്ടും ക്രൂരമായ ആക്രമണം നടത്തുമെന്നും ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുമെന്നും ഹമാസ് കരുതുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കരാറിന്റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ വഴങ്ങൂ എന്നാണ് അവരുടെ നിലപാട്. വെടിനിർത്തൽ നിർദേശങ്ങൾ പഠിക്കുകയാണെന്നാണ് ​ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

അതിനിടെ തെക്കൻ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാൻ ഇസ്രായേൽ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ ബോംബാക്രമണം ശക്തമായപ്പോൾ നിരവധി ഫലസ്തീനികൾ അഭയം തേടിയത് ഈ ഭാഗത്താണ്. യുദ്ധമാരംഭിച്ച ശേഷം ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,131 ആയി. 66,287 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി വെസ്റ്റ് ബാങ്കിൽ 25 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച മുസ്‍ലിം വിശ്വാസികളെ മസ്ജിദുൽ അഖ്സയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe