ദേശീയപാത 66 നിർമാണം 
അടുത്തവർഷം പൂർത്തിയാക്കും : പി എ മുഹമ്മദ്‌ റിയാസ്‌

news image
Feb 2, 2024, 9:48 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവിധത്തിൽ ദേശീയപാത വികസനം പുരോഗമിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു.  45 മീറ്റർ വീതിയിൽ ദേശീയപാത 66ന്റെ നിർമാണം അടുത്തവർഷം പൂർത്തീകരിക്കും. ഒരിടത്തും നിർമാണം മുടങ്ങിയിട്ടില്ല.   യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പദ്ധതി എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തോടുകൂടിയ ഇടപെടലിലാണ്‌ സാധ്യമാകുന്നത്‌.

2019 ജൂൺ 15ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി വിളിച്ചുചേർത്ത യോഗമാണ്‌ സ്ഥലം ഏറ്റെടുക്കൽ പ്രശ്‌നം ചർച്ച ചെയ്‌തത്‌. യോഗത്തിൽ ചെലവിന്റെ  25 ശതമാനം കേരളം വഹിക്കണമെന്ന നിലപാട്‌ ദേശീയപാത അതോറിറ്റി സ്വീകരിച്ചു. ഡൽഹിയിൽനിന്ന്‌ തിരിച്ചെത്തിയ മുഖ്യമന്ത്രി ജൂൺ 19ന്‌ ഉന്നതയോഗം വിളിച്ചു. ദേശീയപാത വികസനം സാധ്യമാക്കുന്നതിന്‌ സ്ഥലം ഏറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക വഹിക്കാനുള്ള തീരുമാനം എടുത്തു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുസംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന്‌ ഫണ്ട്‌ ചെലവിക്കുന്നത്‌.

സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു. ദേശീയപാത വികസനത്തിന്‌ കേരളം 5580.73 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഇക്കാര്യം നിതിൻ ഗഡ്‌കരി  പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്‌. കർണാടകത്തിൽ ദേശീയപാത 66ന്റെ വികസനം ഇഴയുകയാണെന്ന്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. കഴക്കൂട്ടം എലിവേറ്റഡ്‌ ഹൈവേ, കോവളം– -കാരോട്‌ ബൈപാസ്‌, നീലേശ്വരം ആർഒബി എന്നിവ തുറന്നു. തലശേരി –-മാഹി ബൈപാസ്‌, മൂരാട്‌ പാലം എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. 17 പദ്ധതിയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്‌. അരൂർ– -തുറവൂർ എലിവേറ്റഡ്‌ ഹൈവേയുടെ നിർമാണം നടന്നുവരികയാണ്‌. ഇടപ്പള്ളി–- അരൂർ എലിവേറ്റഡ്‌ ഹൈവേയ്‌ക്കുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe